Monday, March 12, 2012

കപ്പല്‍ കയറുന്ന കടല്‍ ജീവിതങ്ങള്‍...

    താനും തന്‍റെതും അല്ലാത്തതെന്തും ശത്രു എന്നാ മനോഭാവം ആദ്യം കരയില്‍ സഹജീവികളുടെ രക്തം ചീറ്റി , മാനത്തേക്ക് നോക്കിയപ്പോള്‍ തന്‍റെ തലയ്ക്ക് മീതെ പറക്കുന്നതെല്ലാം തന്‍റെ ആയുധത്തില്‍ ഒടുങ്ങേണ്ട ശത്രുവായി മാറി . വര്‍ത്തമാന കാല സംഭവങ്ങള്‍ മനുഷ്യന് സമുദ്രത്തിലും ശത്രു ഉണ്ടെന്നു വിളിച്ചു പറയുന്നു. കരയിലും, ആകാശത്തിലും മനുഷ്യന്‍റെ അടങ്ങാത്ത വെട്ടിപിടിക്കലും, വര്‍ഗ ചിന്തയും രക്തക്കളം സൃഷ്ടിച്ചപ്പോള്‍ കടല്‍ ചുവക്കുന്നത് ജീവിക്കുവാന്‍ വേണ്ടി ശൂന്യമായ വിദൂരതയില്‍ തന്‍റെ കൂരയിലെ പട്ടിണി കോലങ്ങളെ സാക്ഷിയാക്കി അന്നതിനുള്ള വക തേടുന്ന പട്ടിണി പാവങ്ങളും, സുഖ സൗകര്യം മത്തായി ഭവിച്ച് ഉച്ച ഉറക്കം കഴിഞ്ഞു കപ്പലിന്‍റെ മേല്‍ത്തട്ടില്‍ തനിക്ക് കൈ തരിപ്പ് തീര്‍കാന്‍ വെമ്പുന്ന മനുഷ്യനും തമ്മില്‍ ആണ് എന്ന് മാത്രം. കണ്ണിനു കാണാത്ത അത്ര ദൂരത്തു നിയമ പാലകരും, സുരക്ഷാ സംവിധാനവും കിടന്നുറങ്ങുമ്പോള്‍, സാക്ഷിയില്ലാ ലോകത്തു മരിച്ചവന്‍ എഴുന്നേറ്റു വരുന്നത് വരെ കൊന്നവന്‍ തന്നെയാണ് വാദി.ജീവിതം കടലില്‍ ഹോമിക്കപ്പെട്ടവന് പ്രതിയും.
 
   ജീവിതത്തിന്‍റെ രണ്ടു വശങ്ങള്‍ കൂട്ടിമുട്ടിയ്ക്കാന്‍ ആര്‍ത്തലയ്ക്കുന്ന തിരമാലകളെ തുഴഞ്ഞു മാറ്റി   കടലിനെ ആശ്രയിച്ചു ഉപജീവനം നടത്തുന്നവര്‍ കടലിലേയ്ക്ക്  ഇറങ്ങുന്നതിനു മുന്‍പ്‌ കാറും കോളും വരല്ലേ എന്ന് പ്രാര്തിച്ചിരുന്ന തൊഴിലാളികളും , വഴികണ്ണുമായി അവരെ കാത്തിരിക്കുന്ന ഉറ്റവരുറെയും പ്രാര്‍ത്ഥന പ്രകൃതിയുടെ താണ്ടവം കടലില്‍ ഉണ്ടാകരുതേ എന്നായിരുന്നുവേന്കില്‍ ഇന്ന് അതിന്റെ കൂടെ കൊലയാളി  കപ്പലുകളില്‍ നിന്ന് കൂടി  ഞങ്ങളെ രക്ഷിക്കണമേ എന്നായി തീര്‍ന്നിരിക്കുന്നു..അടുത്തടുത് വരുന്ന കടല്‍ ആക്രമണങ്ങള്‍ കണ്ടു ഇവര്‍ ഇങ്ങനെ പ്രാര്തിചില്ലന്കിലെ അത്ഭുതപെടാനുള്ളൂ. എന്‍റിക്ക ലക്സിയിലെ നാവികര്‍ വെടി വെച്ച് കളിച്ചപ്പോള്‍ നഷ്ടപെട്ടത്  രണ്ടു ജീവനുകളാണ്. കൂടെ രണ്ടു കുടുംബങ്ങളുടെ പ്രതീക്ഷകളും
   കടല്‍ കൊള്ളക്കാര്‍ എന്നതാണത്രെ  ഇവര്‍ക്ക് നേരെ വെടിയുതുര്‍ക്കാനുള്ള കാരണമായി പറയപ്പെടുന്നത്.അന്താരാഷ്‌ട്ര നാവിക സംഘടനയുടെ (IMO – International Maritime Organization) മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് കപ്പലിന്റെ നടപടി. ആത്മരക്ഷാര്‍ത്ഥം മാത്രമേ കച്ചവട കപ്പലുകള്‍ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നാണ് നിയമം. അല്ലെങ്കില്‍ ജീവാപായം സംഭാവിക്കാവുന്ന, ആസന്നമായ എന്തെങ്കിലും അത്യാപത്ത് തടയാന്‍. കടലില്‍ വല വിരിച്ച് തങ്ങളുടെ ജീവനോപാധിയ്ക്കായി കാത്തിരിക്കുന്ന ഏതാനും മത്സ്യത്തൊഴിലാളികള്‍ ഇറ്റാലിയന്‍ കപ്പലിന് എന്ത് ആപല്‍ ഭീതിയാണ് നല്‍കിയത്‌. അതോ കടലില്‍ കാണപെടുന്ന ചെറുബോട്ടുകള്‍ എല്ലാം കടല്‍കൊല്ലക്കാരുടെതാണ് എന്നാണോ ഇവരുടെ ഭാഷ്യം. ഇറ്റാലിയന്‍ നാവികരുടെ ഈ ക്രൂരതയെ ഒരു കാരണം പറഞ്ഞും അവര്‍ക്ക് ന്യായീകരിക്കാന്‍ കഴിയില്ല എന്നത് വസ്തുതയാണ്. ഇനി ഇവര്‍ ഈ ചെയ്തിയില്‍ എന്തെങ്കിലും ന്യായവാദങ്ങള്‍ നിരത്തി രക്ഷപെടുകയാണെങ്കില്‍  അത് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ കഴിവുകേടായി കണക്കാക്കി നമുക്ക്‌ സമധാനിക്കേണ്ടി വരും തീര്‍ച്ച.  
 
    കപ്പല്‍ ചാലുകളില്‍ നിന്ന് മാറി കടല്കൊള്ളക്കാരില്‍ നിന്ന് രക്ഷപെടാന്‍ എന്ന പേരില്‍ തീരങ്ങല്‍ക്കടുത് കൂടി കടന്നു പോകുന്ന വിദേശകപ്പലുകള്‍ക്കും എല്ലാം ആ കടല്‍ മേഖല ഉള്‍പെടുന്ന രാജ്യങ്ങളെ കുറിച്ച് വ്യക്തമായ ബോധം ഉണ്ടായിരിക്കേണ്ടതുണ്ട്.. ഒരു മുന്നറിയിപ്പും കൊടുക്കാതെ കടല്‍ കൊള്ളക്കാര്‍ എന്ന പേര് പറഞ്ഞു മത്സ്യ തൊഴിലാളികള്‍ക്ക്‌ നേരെ വെടി വെയ്ക്കുന്ന  പ്രവണതകള്‍ കൂടി  വരുന്നതിന്റെ കാരണം സമാനമായ പഴയ ദുരന്തങ്ങളില്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിനുള്ള കാലതാമസവും, അര്‍ഹമായ ശിക്ഷകള്‍ നല്‍കുന്നതിനും ഉള്ള നമ്മുടെ നിയമ സംവിധാനത്തിന്റെ പഴുതുകളും ഇതിനു ഒരു കാരണം തന്നെയാണ്... ഈ ക്രൂരതകള്‍ക്കെതിരെ നാം ഇനിയും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ് എങ്കില്‍ ഇനിയും എന്‍റിക്ക ലക്സിയിലെ നാവികരെ പോലെ പലരും ഇന്ത്യക്കാരന്‍റെ നെഞ്ചിലേയ്ക്ക്‌ നിറയൊഴിച്ചു കളിക്കും. അവരുടെ വിനോദങ്ങള്‍ക്ക് ഇരയാകാന്‍ കുറേ പിങ്കുമാരും, ജസ്റ്റിന്‍മാരും, നമ്മുടെ കടലുകളില്‍ ഉണ്ടല്ലോ എന്ന് കരുതി നമ്മുടെ അധികാരികള്‍ക്ക്‌ സമാധാനിക്കാം.
 
    .2010 ഏപ്രിലില്‍  സമാനമായ ഒരു സംഭവം ഒമാനിലും ഉണ്ടായി അവിടെയും ഇരയായി തീരാന്‍ വിധിക്കപെട്ടതും ഒരു മലയാളി തന്നെയാണ്. തിരുവനന്തപുരം സ്വദേശിയായ രാജു ഒമാനില്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ്‌ മരിച്ചത്.. മത്സ്യബന്ധനം നടത്തുകയായിരുന്ന ഇവര്‍ക്ക് നേരെ ഒരു മുന്നറിയിപ്പും കൂടാതെ കപ്പലില്‍ നിനും വെടി വെയ്ക്കുകയാണ് ഉണ്ടായിരുന്നത്. ആ ചെറിയ ബോട്ടില്‍ ഉണ്ടായിരുന്ന മറ്റു മലയാളികള്‍ക്കും  പരിക്കേറ്റിരുന്നു.  എന്നാല്‍ ഒമാനില്‍ ചെറിയ ബോട്ടുകളില്‍ വിദേശികള്‍ മത്സ്യ ബന്ധനം നടത്തുക എന്നത് നിയമവിരുദ്ധം ആണ്. കടലില്‍ അപകടം ഉണ്ടായാല്‍ പോലും ഒന്ന് പരാതി പെടുവാന്‍ പോലും കഴിയാത്ത അവസ്ഥ നില നില്കുംപോഴും ഉപജീവനത്തിനായി ഇന്നും ഒരുപാടു മലയാളികള്‍ ഒമാനില്‍  കടലിനോടു മല്ലടിക്കുന്നുണ്ട്.. ഈ വിഷയത്തില്‍ ഇന്ത്യന്‍ എമ്പസി മൌനം പാലിക്കുയാണ് ചെയ്തത്. തക്കതായ നഷ്ടപരിഹാരം പോലും ജോയിക്ക് ലഭിച്ചിട്ടില്ല  അന്ന് ഒരു മാധ്യമങ്ങളും ഇതൊരു വാര്‍ത്തയായി കൊണ്ടാടിയില്ല എന്ന് കൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടത് ഉണ്ട്..
 
     .ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിയേറ്റു രണ്ടു മത്സ്യതൊഴിലാളികള്‍ മരണപെട്ടത്തിന്‍റെ നോവ്‌ മാറുന്നതിനു മുന്‍പേ വീണ്ടും  ഒരു ദുഖവാര്‍ത്ത  അവരെ തേടിയെത്തി. ആഴക്കടലില്‍ കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചു അഞ്ചു  പേര്‍ക്കാണ് ജീവന്‍ നഷ്ടപെട്ടത്. കടലില്‍ കാറ്റും കോളും  പ്രതീക്ഷിച്ചു കഴിഞ്ഞിരുന്ന തൊഴിലാളികള്‍ ഇന്ന് കൂടുതല്‍ ഭയപെടുക ഏതു  നിമിഷവും തങ്ങളുടെ  നെഞ്ചിലേയ്ക്ക് പാഞ്ഞു വരാവുന്ന വെടി ഉണ്ടകളും  , തങ്ങളുടെ ചെറു ബോട്ടുകള്‍ക്ക്‌ മീതെ കയറി വന്നേക്കാവുന്ന കൂറ്റന്‍ കപ്പലുകളെയുമാണ് ഇവര്‍ ഭയപെടുന്നത്. അഞ്ചുപേരുടെ മരണത്തിനിടയാക്കിയ കപ്പലിനെ ചെന്നൈയിലെയ്ക് കൊണ്ടു വന്നു പരിശോധിക്കുയാണ്. എന്നാല്‍ ഇവിടെയും ഉണ്ടാകുക പതിവ് പരിശോധനകള്‍ക്ക് ശേഷവും തുടര്‍നടപടികള്‍ ഒന്നുമുണ്ടാകാതെ ആ കപ്പലും തീരം വിട്ടു ആഴക്കടലിന്റെ അഗാതതയിലെയ്ക്ക്  മറയും എന്നതില്‍ സംശയമില്ല. കാരണം ഇതിനു മുന്‍പ്‌ സംഭവിച്ച അപകടങ്ങളുടെയും സ്ഥിതി ഇത് തന്നെയായിരുന്നു. നീണ്ടകര മേഖലയില്‍ മാത്രം ഇത് എട്ടാമത്തെ തവണയാണ് കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് മുങ്ങി ദുരന്തങ്ങള്‍ സംഭവിക്കുന്നത്. എട്ട് അപകടങ്ങളിലായി 16 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. ഈ ബോട്ടുകളിലെല്ലാം ഇടിച്ച കപ്പലുകളെ പിടിക്കാന്‍ പോയിട്ട്, ഇടിച്ച കപ്പല്‍ ഏതാണെന്ന് സ്ഥിരീകരിക്കാന്‍ പോലും അധികൃതര്‍ക്ക് സാധിച്ചിട്ടില്ല,.
 
    .  ചെറു ബോട്ടുകള്‍ ഉള്‍കടലില്‍ മത്സ്യ ബന്ധനത്തിന് പോകുന്നതാണ് അപകടകാരണം ഏന് പറയാന്‍ കഴിയില്ല... കരയോടു ചേര്‍ന്ന്  മത്സ്യ സമ്പത്ത് കുറഞ്ഞത് തന്നെയാണ് ആഴക്കടല്‍ മത്സ്യ ബന്ധനങ്ങളിലെക് ചെറു ബോട്ടുകള്‍ വരെ തയ്യാരാകുന്നതിന്റെ കാരണം. അതല്ലങ്കില്‍ കടല്‍ തീരത്ത്തിരുന്നു ഞണ്ട് പിടിക്കല്‍  ആയിരിക്കും ഇവര്‍ക്ക് ഇതിനേക്കാള്‍ ലാഭകരമായ ജോലി.. കപ്പല്‍ ചാലുകളില്‍ ബോട്ടുകളെ നങ്കൂരമിട്ടു കൊണ്ടു തൊഴിലാളികള്‍ ഉറങ്ങാറില്ല. അവര്‍ക്ക്‌ കപ്പല്‍ ചാലുകളെ കുറിച്ച്  വ്യക്തമായ ധാരണകള്‍ ഉണ്ട്. രാത്രി കടലില്‍ വലയെരിഞ്ഞിട്ടു  മനസ്സില്‍ പ്രതീക്ഷകളുടെ വേലിയെറ്റവുമായി ബോട്ടില്‍ മയങ്ങുന തൊഴിലാളികളുടെ ഉറക്കത്തിലെ ദുസ്വപ്നങ്ങള്‍ തന്നെയാണ് തങ്ങള്‍ക്ക് നേരെ പാഞ്ഞടുക്കുന്ന ഭീമാകാരമായ കപ്പലുകള്‍. ആയത് കൊണ്ടു തന്നെ സ്ഥിരമായി കപ്പലുകള്‍ പോകുന്ന പാതകള്‍ വ്യക്തമായി  അറിയാവുന്ന  തൊഴിലാളികള്‍ ആ പാതയില്‍ നിന്ന് മാറി മാത്രമേ  തങ്ങളുടെ ബോട്ടുകളെ നങ്കൂരമിട്ടു ഉറപ്പിക്കാറുള്ളൂ. അപ്പോള്‍ ഇങ്ങനെയുള്ള കൂട്ടി മുട്ടലുകള്‍ ഉണ്ടാകാനുള്ള പ്രധാന കാരണം. കപ്പലുകള്‍ അശ്രദ്ധമായി വഴിവിട്ടു സഞ്ചരിക്കുന്നത് തന്നെയാണ്.. അപകടം സംഭവിക്കുമ്പോള്‍ കപ്പല്‍ ചാലുകളില്‍ നങ്കൂരമിട്ടിരുന്ന ബോട്ടുമായാണ് കപ്പല്‍ കൂട്ടിമുട്ടിയത്‌ എന്ന് കപ്പല്‍ മുതലാളിമാരുടെ പ്രസ്താവനയും ഉണ്ടാകും. അതോടെ എല്ലാം ശുഭം. ആ സമയം നാട്ടില്‍ ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ കൂടുതല്‍ ശ്രധാലുക്കള്‍ ആകണമെന്ന് നമ്മുടെ സര്‍ക്കാരുകള്‍ക്ക്‌ ഒരു മുന്നറിയിപ്പ്‌ നല്‍കി പ്രശനം രമ്യമായി പരിഹരിക്കും. അപ്പോഴും എല്ലാം നഷ്ടപെട്ടുവരുടെ  കണ്ണുനീര്‍ മാത്രം ബാക്കിയാകും.
 
 
       കഴിഞ്ഞ എല്‍ ഡി എഫു സര്‍ക്കാരിന്‍റെ  കാലത്ത് കടലില്‍ അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ ജീവല്‍ സുരക്ഷ ഉറപ്പാക്കുന്നതിന് സമഗ്ര കടല്‍ സുരക്ഷാ പദ്ധതി നടപ്പിലാക്കിയിരുന്നു. 8000 യന്ത്രവല്‍കൃത വള്ളങ്ങളിലെ തൊഴിലാളികള്‍ക്ക്   പതിനയ്യായിരം   രൂപ വില വരുന്ന സുരക്ഷാ കിറ്റുകള്‍ ആണ് വിതരണം ചെയ്യും എന്നരിയിചിരുന്നത്.18.85 കോടി   രൂപയാണ് ഇതിനായി വകയിരുത്തിയത്.. ഐ.എസ്.ആര്‍.ഒ. വികസിപ്പിച്ചെടുത്ത ആധുനിക സാങ്കേതിക വിദ്യ മത്സ്യത്തൊഴിലാളികളുടെ ജീവന്‍ സുരക്ഷയ്ക്ക് ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതി ഇന്‍ഡ്യയില്‍ ആദ്യമായാണ് എന്നായിരുന്നു കേരള സര്‍ക്കാര്‍ വാദം. പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങുന്ന സര്‍ക്കാര്‍ തീരുമാനങ്ങള്‍ ഇതുപോലെ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ എങ്കിലും ജാഗരൂകരാകും എന്ന് പ്രതീക്ഷിക്കാം.  
  
      രാജ്യത്തെ പൌരന്മാരുടെ നെഞ്ചിലേയ്ക്ക് അഹന്തയുടെ വെടിയുണ്ടകള്‍ പായിച്ച ഇറ്റാലിയന്‍ നാവികര്‍ക്ക് ഗസ്റ്റ്‌ ഹൗസ്‌ സജ്ജീകരണങ്ങളും ഇറ്റാലിയന്‍ ഭക്ഷണവും ഓഫര്‍ ചെയ്യുന്നവര്‍ ഒന്നോര്‍ത്താല്‍ നന്നായിരിക്കും. കൊലയാളികളെ രക്ഷിക്കാന്‍ ഇറ്റലി കാണിക്കുന്ന ഈ ഉത്സാഹം നമ്മുടെ ഭരണകൂടം കണ്ടു പഠിക്കേണ്ടത്. കടലില്‍ വഴി തെറ്റി മറ്റു രാജ്യാതിരതിയില്‍ എത്തിപെടുന്ന ഇന്ത്യന്‍ തൊഴിലാളികളെ തിരികെ കൊണ്ടു വരുന്നതിനു പോലും മടി കാണിക്കുന്ന ഭരണാധികാരികളുടെ   നാട്ടിലാണ് രണ്ടു കൊലയാളികളെ രക്ഷിച്ചു കൊണ്ടു പോകുവാനായി ഇറ്റാലിയന്‍ മന്ത്രി കേരളത്തിലെ കൊതുക് കടി കൊള്ളുന്നതോര്‍ക്കണം..
 
  

1 comment:

  1. രാജ്യത്തെ പൌരന്മാരുടെ നെഞ്ചിലേയ്ക്ക് അഹന്തയുടെ വെടിയുണ്ടകള്‍ പായിച്ച ഇറ്റാലിയന്‍ നാവികര്‍ക്ക് ഗസ്റ്റ്‌ ഹൗസ്‌ സജ്ജീകരണങ്ങളും ഇറ്റാലിയന്‍ ഭക്ഷണവും ഓഫര്‍ ചെയ്യുന്നവര്‍ ഒന്നോര്‍ത്താല്‍ നന്നായിരിക്കും. കൊലയാളികളെ രക്ഷിക്കാന്‍ ഇറ്റലി കാണിക്കുന്ന ഈ ഉത്സാഹം നമ്മുടെ ഭരണകൂടം കണ്ടു പഠിക്കേണ്ടത്. കടലില്‍ വഴി തെറ്റി മറ്റു രാജ്യാതിരതിയില്‍ എത്തിപെടുന്ന ഇന്ത്യന്‍ തൊഴിലാളികളെ തിരികെ കൊണ്ടു വരുന്നതിനു പോലും മടി കാണിക്കുന്ന ഭരണാധികാരികളുടെ നാട്ടിലാണ് രണ്ടു കൊലയാളികളെ രക്ഷിച്ചു കൊണ്ടു പോകുവാനായി ഇറ്റാലിയന്‍ മന്ത്രി കേരളത്തിലെ കൊതുക് കടി കൊള്ളുന്നതോര്‍ക്കണം..

    നമ്മുടെ നാടിന്റെ നീതിന്യായ വ്യവസ്ഥതയുടെ അവസ്ഥയാലോചിച്ച് ഭ്രാന്ത് പിടിക്കാത്ത രാജ്യസ്നെഹികൾ ഉണ്ടാവില്ല. ഇപ്പൊ എന്നുൺറ്റായതാ ആ കപ്പൽ വെടിവെപ്പ് സംഭവം ? എന്നിട്ട് തുടർനടപടികൾ എവിടം വരേയായി ? എവടീം എത്തീലാ. ഇഴഞ്ഞു നീങ്ങുന്നു. നമ്മുടെ നാട് നന്നാവാൻ ആദ്യം അധികാര സ്ഥാനത്തിരിക്കുന്നവർ നട്ടെല്ലുള്ളവരും ഒറ്റത്തന്തയ്ക്ക് പിറന്നവരും ആകണം. വിഷുദിനാശംസകൾ.

    ReplyDelete

Related Posts Plugin for WordPress, Blogger...

ഈ പോസ്റ്റ്‌ ഷയര്‍ ചെയ്യാന്‍