Sunday, January 15, 2012

മഅദനിയും മനുഷ്യനാണ്..


    "വേദം ചൊല്ലിയാലോ യാഗം ചെയ്താലോ താഴോട്ടൊഴുകുന്ന നദി ഒരിക്കലും മുകളിലേക്ക് ഒഴുകുകയില്ല. തീയില്‍ നിന്ന് മഞ്ഞുകട്ടയോ മഞ്ഞുകട്ടയില്‍ നിന്ന് തീക്കട്ടയോ എടുക്കുവാന്‍ സാധ്യമല്ല' എന്ന ഗൗതമബുദ്ധന്‍റെ വാക്കുകള്‍ പോലെ യാണ് അബ്ദുല്‍ നാസര്‍ മഅദനിയുടെ കാര്യത്തിലും സംഭവിച്ചതും സംഭവിക്കാന്‍ പോകുന്നതും. കഴിഞ്ഞ കോയമ്പത്തൂര്‍ കേസില്‍  ഒന്‍പതര കൊല്ലം കഷ്ടപെട്ടിട്ടും ഒരു തെളിവ് പോലും ഹാജരാക്കാന്‍ തമിഴ്നാട് സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല... അത് പോലെ തന്നെയായിരിക്കും കര്‍ണ്ണാടക സര്‍ക്കാരിനും സംഭവിക്കുക . ഇല്ലാത്തതിന്‍ നിന്ന് ഒന്നും ഉണ്ടാക്കി എടുക്കാനും ആവില്ല . ശ്രമിച്ചു പരാജയപെടുക തന്നെ ചെയ്യും , പക്ഷെ അതുവരെ ഒരു മനുഷ്യ ആയുസ്സ് ഉണ്ടായിരിക്കുമോ എന്നാ മാനുഷിക ചിന്ത എല്ലാര്ക്കും നല്ലതാണ്. .  ഒമ്പതര വര്‍ഷക്കാലം കോയമ്പത്തൂരിലെ കാരാഗൃഹത്തില്‍ കിടന്നശേഷം നിരപരാധിത്വം കോടതിയിലൂടെ തെളിയിക്കപ്പെട്ടു പുറത്തിറങ്ങിയ മഅ്ദനി പിന്നീട് ഒരു സ്‌ഫോടനത്തിലും ഭീകരകൃത്യത്തിലും പങ്കാളിയായിട്ടില്ലെന്ന് ഉറപ്പായിരിക്കെ  ഈ കേസുകള്‍ തെളിയാന്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ദൗര്‍ബല്യം മൂലം നീണ്ട കൊല്ലങ്ങളെടുക്കുമെന്ന കണക്കുകൂട്ടലില്‍ തന്നെയാണ് യെദിയൂരപ്പ സര്‍ക്കാര്‍ അദ്ദേഹത്തെ പരപ്പനയിലെ പീഡനകേന്ദ്രത്തില്‍ തള്ളിയത്

     കുടി പകയുടെ ഒരു ദശാബ്ദത്തോളം  ഇരുണ്ട കല്ലറയ്ക്കുള്ളില്‍ തന്‍റെ ശരീരത്തെ ഒന്നിനും ഉപകരപെടാതെ ഹോമിക്കാന്‍ വിധിക്കപെട്ട  മഅദനി വീണ്ടും കുറച്ചു കുടില ചിന്താഗതിക്കാരുടെ വെറും വാക്കില്‍ മാത്രം അപരാധി യായി കണക്കാക്കുന്ന ഇ നിയമ സംവിധാനത്തെ വെറുപ്പോടെ കാണാനേ കഴിയുകയുള്ളൂ., നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ എന്നാണ് പലരും പറഞ്ഞു കൊണ്ടിരികുന്നത് എന്നാല്‍ "നിയമം പോകേണ്ടത് നിയമത്തിന്‍റെ വഴിക്കല്ല. നിയമം പോകേണ്ടത് നീതിയുടെ വഴിയിലൂടെ ആണ്. ഫാഷിസ്റ്റുകള്‍ക്ക് അവരുടെ ജനിതക വൈകല്യം തിരുത്താനാവില്ല. പക്ഷേ, രാജ്യം ഭരിക്കുന്ന മതേതര ജനാധിപത്യ സര്‍ക്കാറിനും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സാമൂഹിക സംഘടനകള്‍ക്കും അതിക്രൂരമായ ഈ മനുഷ്യാവകാശലംഘനത്തില്‍ ഒന്നും ചെയ്യാനില്ലേ? കേരളത്തിലെ ഇടത്-വലത് മതേതര പാര്‍ട്ടികള്‍ക്ക് പി.ഡി.പി ശിഥിലവും ദുര്‍ബലവുമായിത്തീര്‍ന്ന സാഹചര്യത്തില്‍ ഇനി മഅ്ദനിക്കു വേണ്ടി ചെറുവിരലനക്കുന്നത് നഷ്ടക്കച്ചവടമാണെന്ന് തീരുമാനിച്ചതാണോ? എങ്കില്‍, അതിനേക്കാള്‍ ക്രൂരമായ സ്വാര്‍ഥതയും മനുഷ്യത്വമില്ലായ്മയും വേറെയുണ്ടോ?
    
     ലണ്ടന്‍ തെരുവോരങ്ങളിലെ ചേരികളില്‍ ഒന്നില്‍ ദീര്ഘലകാലത്തെ പട്ടിണിയും വൃത്തികെട്ട ചുറ്റുപാടുകളും രോഗിയാക്കിയ കുഞ്ഞു മകന്‍ നിശ്ച്വതനായി  മരണത്തിലെയ്ക്കമര്‍ന്നു കൊണ്ടിരിക്കുമ്പോള്‍  അവന്‍റെ മുഖത്തേയ്ക്ക് നോക്കി കണ്ണീര്‍ വാര്‍ത്ത്, ആ കണ്ണീര്‍ മാഷിയാക്കി പാവങ്ങളുടെ ബൈബിള്‍ തീര്‍ത്തു എന്ന് പറയുന്ന  കാറല്‍ മാര്‍ക്സിന്‍റെ അനുയായികള്‍ക്ക്‌ , ഭരണകൂട ഭീകരത സമ്മാനിച്ച ഒരായുസ്സിന്‍റെ പീഡന പര്‍വ്വം അതിജീവിച്ചു വരുന്ന മഅദനിയെ അന്ന് സ്വീകരിക്കാന്‍ ഒരു ഭരണകൂട തടസ്സങ്ങളും ഉണ്ടായിരുന്നില്ല. എന്നാല്‍ അന്ന് വാദിച്ചവര്‍ ഇന്ന് മൌനം പാലിക്കുന്നത് എന്ത് ചിന്തിക്കുന്നവന് മനസ്സിലാകും. തങ്ങള്‍ പ്രതീക്ഷിച്ച വോട്ടു ബാങ്ക് ഇല്ല എന്നതാണ് കാരണമെന്നു  എന്ന് മനസ്സിലാക്കാന്‍ ജോതിഷ പഠനത്തിന്റെ ആവശ്യം ഉണ്ട് എന്ന് തോന്നുന്നില്ല.  . മഅദനിയ്ക്ക് വേണ്ടി ഇന്ത്യന്‍ ഭരണ ഘടനയോ നീതിന്യായ വ്യവസ്ഥയോ തിരുത്തി എഴുതണം എന്ന് ആരും പറയില്ല.  ഇതേ നീതിന്യായ വ്യവസ്ഥയാണ് മഅദനി വിഷയത്തില്‍ അതവാ ഒന്‍പതര  വര്ഷം അന്യായ തടവിനു ശേഷം നിരപരാധി എന്ന് കണ്ടു വെറുതെ വിട്ട പ്പോള്‍ ആ ഒന്‍പതര വര്‍ഷം കണ്ണും  പൂട്ടി നാണിച്ചു നിന്നത്.. ദൈവം ഒരാളെ ഒരിക്കല്‍ മരിപ്പിക്കും , എന്നാല്‍ ഭരണകൂടം ഒരാളെ ദിവസവും മരിപ്പിക്കുന്നു ഈ കാഴ്ചയാണ് മഅദനിയിലൂടെ നാം കണ്ടുകൊണ്ടിരിക്കുന്നത്.  .കോയമ്പത്തൂരില്‍ സംഭവിച്ചത് പോലെത്തന്നെ, മഅ്ദനി ബംഗളൂരുവില്‍ നിന്നും നിരപരാധിയായി തിരിച്ചുവരും. വിചാരണ തീരുംവരേക്ക് അദ്ദേഹത്തെ എങ്ങനെ പീഡിപ്പിച്ച് ഇല്ലാതാക്കാം എന്ന് മാത്രമാണ് ഭരണകൂടം ആലോചിക്കുന്നത്. അങ്ങനെ അദ്ദേഹം തിരിച്ചുവരുമ്പോള്‍ നാം മലയാളികള്‍ പിന്നെയും പ്രബുദ്ധതയെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കും...

Friday, January 13, 2012

പ്രവാസി



 പ്രവാസതീയിലുരുകിയൊലിക്കും
പ്രകാശമില്ലാത്ത വിളക്കാണു ഞാന്‍
ദൈവത്തിന്‍ നാടിനെ യാത്രയാക്കി
എത്തിയതാകട്ടെ മണല്‍കാട്ടിലും,
ആരോരുമില്ലാതെ അലയുമ്പോഴെല്ലാം
നാട്ടിലെ കണ്ണുനീരോര്‍മ്മ വന്നു
വെയിലേറ്റ് തളര്‍ന്നുഞാനുറങ്ങുമ്പോഴെല്ലാം
നാട്ടിലെ വിശപ്പെന്നെ വിളിച്ചുണര്‍ത്തുന്നു
എന്‍ ജീവിതപകുതിയെരിഞ്ഞൊടുങ്ങുമ്പോള്‍
വാര്‍ദ്ധക്യം പെട്ടന്ന് കയറിവരുമ്പോള്‍
ആയുസ്സിന്‍ പുസ്തകപേജുകളെല്ലാം
മണല്കാറ്റിന്‍ വേഗതയിലെരിഞ്ഞടങ്ങുന്നു 

വിദ്യതന്‍ പടികള്‍ കയറും മക്കളും
വിശപ്പിന്‍ കരച്ചിലിന്‍ പടിയിറക്കവും
ഉറങ്ങുമ്പോളെത്തുന്ന മഴത്തുള്ളികളിന്നില്ല
കാറ്റിനോട് മല്ലിടാന്‍ മേല്ക്കൂരയില്ലിന്ന്
വീടിന്‍ മുകളില്‍ മണ്ഡപമുയരുന്നു
കതിര്‍മണ്ഡപത്തിന്‍ വിളാക്കാകുന്നു മക്കള്‍
എന്‍ജീവിതമുരുകിയൊലിച്ചാലുമെന്തേ,,
ആ കൊച്ചു വെളിച്ചത്തിന്‍ കീഴിലെല്ലാം
ഒരുപാട് ജീവിതം പൂവണിഞ്ഞുവല്ലോ
അതായിരുന്നുവെന്‍ ജീവിത ലക്ഷ്യവും
അതാണെന്റെ ആത്മസംത്ര്പതിയും...

Wednesday, January 11, 2012

ഗ്രാമസഭയും ആട് വിതരണവും.


      

  അന്ന് വീട്ടിലേയ്ക്ക് കയറി ചെല്ലുമ്പോള്‍ മകള്‍ പതിവിലും വലിയസന്തോഷത്തിലാണ്. കാര്യമന്വേഷിച്ച എന്നോടു അവള്‍ ആട്ടിന്‍ കുട്ടിയുടെ കാര്യമാണ് പറഞ്ഞത്. ഞാന്‍ വിചാരിച്ചു എന്താ ഇത്ര പെട്ടന്ന് ഇവള്‍ക്കൊരു ആട് പ്രേമം .ബഷീറിന്‍റെ പാത്തുമ്മായുടെ ആട് വായിക്കാനുള്ള പ്രായം ഇവള്‍ക്കാകാത്തത് കൊണ്ടു അങ്ങനെ ഈ പ്രേമം വന്നതാകാന്‍ വഴിയില്ല.അപ്പോഴും അവള്‍ ആടിനെ തീറ്റിക്കുന്നതിന്‍റെയും അതിനെ കുളിപ്പിക്കുന്നതിന്‍റെയും അതിന്‍റെ കൂടെ കളിക്കുന്നതിന്‍റെയും കാര്യങ്ങള്‍ ഇങ്ങനെ പറയുകയാണ്‌ ഞാനും അവളുടെ സന്തോഷത്തിനായി അവളോടൊപ്പം ചേര്‍ന്ന് അവളെ പ്രോത്സാഹിപ്പിച്ചു അപ്പോള്‍ അടുക്കളയില്‍ നിന്നും കാനന ഛയയില്‍  ആട് മേയ്ക്കാന്‍ ഞാനും വരട്ടെയോ നിങ്ങളുടെ കൂടെ എന്ന് ഭാര്യ വിളിച്ചു ചോദിക്കും എന്ന് കരുതി .പക്ഷെ അതുണ്ടായില്ല ആ സമയം ചട്ടിയില്‍ കിടന്ന ആട്ടിറച്ചിയുടെ   വേവ് നോക്കുകയായിരുന്നു അവള്‍. “കലാ വാസനയില്ലാത്തവള്‍” അവളെങ്ങാനും ഇത് കേട്ടാല്‍ അന്ന് പട്ടിണി ആകും എന്നതിനാല്‍  മനസ്സില്‍ പറഞ്ഞു കൊണ്ടു മകളുടെ ആട് വിശേഷത്തിലേയ്ക്ക് ഞാന്‍ ശ്രദ്ധ കൊടുത്തു..
 
   മകളുടെ മനസ്സിലേയ്ക്ക് ഇപ്പോള്‍ ഈ വിഷയം കയറിവരുവാനുള്ള കാരണം എന്തായിരിക്കാം എന്ന് ആലോചിച്ചു കൊണ്ടിരിക്കുമ്പോള്‍ ആണ് ഉമ്മ സഹായത്തിനെത്തിയത് .വാര്‍ഡ്‌ മെമ്പര്‍ പറഞ്ഞു പോലും ഗ്രാമസഭ നടക്കുന്നുണ്ട് ഈ ആഴ്ച .ആനുകൂല്യ വിതരണം നടക്കുകയാണ്.ആട് വളര്‍ത്തല്‍.ഇഞ്ചി കൃഷി,കോഴി കുഞ്ഞു വിതരണം,വീട് പുനരുദ്ധാരണം അങ്ങനെ ഒരു പാടു ആനുകൂല്യങ്ങള്‍ ലഭിക്കും എന്ന് പറഞ്ഞു കൊണ്ടു   മെമ്പര്‍ അതിനു വേണ്ടിയുള്ള ഒരു അപേക്ഷ നല്‍കി.. അതില്‍ പൂരിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ എന്താണ് നമുക്ക്‌ വേണ്ടത് എന്നാ ഭാഗത്ത്‌  എന്ത് എഴുതണം എന്ന് അമ്മായി അമ്മയും  മരുമകളും തമ്മില്‍ നടന്ന സംഭാഷണത്തിന് മകള്‍ ശ്രദ്ധ കൊടുത്തതില്‍ നിന്നാണ് ഈ ആട് പ്രേമം അവള്‍ക് വന്നത്..ഇതില്‍ നിന്നും എന്തായിരുന്നു അവരുടെ ചര്‍ച്ച എന്ന് പറയേണ്ടതില്ലല്ലോ
 
  അപേക്ഷയയില്‍ ഇഞ്ചി കൃഷി നടത്തി ഇഞ്ചി ആകണ്ട എന്ന് കരുതിയായിരിക്കാം ഭാര്യ ആട് വളര്‍ത്തല്‍ സെലക്ട് ചെയ്തത്.എന്തായാലും ആ അപേക്ഷ മെമ്പറുടെ കൈയില്‍ എത്തി. കൂടെ എന്‍റെ മകളുടെ ആശയും....ദിവസങ്ങള്‍ കഴിഞ്ഞു പോയി..ആടിനെ കുറിച്ച് മകളും മറന്നു കൂടെ ഞാനും..അങ്ങനെ ഗ്രാമ സഭ നടക്കുന്ന ദിവസം എത്തി ,സഹപ്രവര്‍ത്തകരുടെ കൂടെ ഞാനും ഗ്രാമസഭയിലെയ്ക്ക് പോയി അവിടെ നല്ല ആള്‍കൂട്ടം ആയിരുന്നു.കൂടുതലും സ്ത്രീകള്‍.ജനങ്ങള്‍ക്ക്‌ എല്ലാം നല്ല പൗരബോധം ആണല്ലോ എന്ന് ഞാന്‍ സന്തോഷിച്ചു. ഗ്രാമ സഭ ആരംഭിച്ചു അവിടെ കൂടിയ നാട്ടുകാരുടെ മുഖത്ത് എന്തെക്കെയോ ലഭിക്കാന്‍ പോകുന്ന ഒരു സന്തോഷം പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്..പഴയ ഗ്രാമ സഭയിലെ മിനിട്ട്സ് വായിക്കാതെ കാര്യത്തിലേയ്ക്ക് കടന്ന മെമ്പറോട്  ഗ്രാമ സഭയിലെ അജണ്ട ഓര്‍മ്മപെടുതിയ എന്നോടു മെമ്പറെക്കാള്‍ നീരസം അവിടെ കൂടിയ ചില സ്ത്രീകള്‍ക്കായിരുന്നു എന്ന് പറയേണ്ടല്ലോ..അവര്‍ക്ക് എങ്ങനെയും ആരംഭിച്ചാല്‍ മതി അപ്പോഴാണ്‌ എനിയ്ക്ക് കാര്യം പിടി കിട്ടിയത്  മിക്കവരും ആടും ഇഞ്ചിയും വാഴക്കന്നും മോഹിച്ചു വന്നവരാണ്.അതിന്‍റെ അകാംശയാണ് അവരില്‍ ഉള്ളത്.. മെമ്പര്‍ കാര്യത്തിലേയ്ക്ക് കടന്നു. നമ്മുടെ വാര്‍ഡിലേയ്ക്ക് അനുവദിച്ച ഫണ്ടില്‍ നിന്നും റോഡു പുനരുദ്ധാരണത്തിനായി  ഇത്ര രൂപ മാറ്റി വെച്ചിട്ടുണ്ട്.ബാക്കി ആട് വളര്‍ത്തല്‍ അഞ്ചു പേര്‍ക്ക്, ഇഞ്ചി കൃഷി പത്ത് പേര്‍ക്ക്, വീട് പുനുരുദ്ധാരണം വിധവകള്‍ക്ക് മാത്രം മൂന്നെണ്ണം, എന്നിങ്ങനെയുള്ള ലിസ്റ്റ് വായിച്ചു. എന്നിട്ട് അപേക്ഷിച്ചവരുടെ ലിസ്റ്റ് വായിച്ചപ്പോള്‍ ഞെട്ടി പോയി പലരും..അഞ്ചു ആടിനും കൂടി അപേക്ഷിച്ചവര്‍ അറുപതു പേര്‍.അങ്ങനെ ഓരോന്നിനും പത്ത്‌ ഇരുപതു അപേക്ഷകള്‍. പാവം മെമ്പര്‍ എന്ത് ചെയ്യും. ഒരു അപ്പം യേശു ക്രിസ്തു ആയിരം പേര്‍ക്ക് വീതിച്ചു കൊടുത്തു എന്ന് പറഞ്ഞു അത് പോലെ നമ്മുടെ മേമ്പര്‍ക്ക് സാധികില്ലല്ലോ.. അര്‍ഹതയുള്ള  അപേക്ഷകള്‍ പരിഗണിക്കാം എന്ന് പറഞ്ഞു മെമ്പര്‍ കസേരയില്‍ ഇരുന്നപ്പോഴെയ്ക്കും  ആളുകള്‍ പോകാന്‍ തുടങ്ങി . മെമ്പര്‍ എനിയ്ക് തന്നെ ഇത് നല്‍കും എന്ന് വിശ്വസിച്ചാണ് പലരും പുറത്തേയ്ക്ക് പോയത്.
 
  എന്നാല്‍  അപേക്ഷകള്‍ പരിഗണിക്കേണ്ടത്   ആ ഗ്രാമ സഭ തന്നെ ചര്‍ച്ച ചെയ്തു ആണ് എന്ന് ആ പോയവര്‍ക്ക് അറിയാന്‍ വഴിയില്ല.അതൊന്നും മെമ്പര്‍ പറഞ്ഞു കൊടുതുമില്ല. കൊടുക്കാത്തതിന്‍റെ കാരണം ഒരു കശ പിശ ഇവിടെ വെച്ച് തന്നെ വേണ്ട എന്ന് കരുതിയാകാം...അങ്ങനെ എല്ലാ സഭകളെ പോലെ ആ ഗ്രാമ സഭയും അവസാനിപ്പിച്ചു.  കാര്യം അറിയാതെ ആട് കിട്ടും എന്ന് ആഗ്രഹിച്ച മകളുടെ കാര്യം മെമ്പറൊട് തമാശ രൂപത്തില്‍ അവതരിപ്പിച്ചു കൊണ്ടു ഞാനും അവിടെ നിന്നും ഇറങ്ങി. തിരികെ വീട്ടിലെത്തുമ്പോള്‍ മകള്‍ ആട് എവിടെ? എന്ന് ചോദിക്കില്ല എന്നറിയാം കാരണം അവള്‍ അതിനെ മറന്നിരുന്നു.അല്ലങ്കിലും കുട്ടികളുടെ ആഗ്രഹങ്ങള്‍ ഒന്നില്‍ നിന്നും ഒന്നിലെയ്ക്ക് മാറി കൊണ്ടേയിരിക്കും....














Tuesday, January 10, 2012

ഒരു പ്രവാസിയുടെ നൊമ്പരം ..




നാട്ടില്‍ ചെറിയ ഒരു ജോലി ഉണ്ടായിരുന്ന എനിക്ക്, വളരെ ബുദ്ധിമുട്ടിയാണങ്കിലും അന്നന്നത്തെ കാര്യങ്ങള്‍ അല്ലലില്ലാതെ കഴിഞ്ഞു കൂടുമായിരുന്നു....അപ്പൊഴും ഭാര്യയുടെ വാക്കുകള്‍ കാതില്‍ മുഴങ്ങും
ഇക്കാ  നമുക്കൊരു പെണ്‍കുട്ടിയാ,,അവളെ നല്ല രീതിയില്‍ വിവാഹം കഴിപ്പിച്ച് വിടണ്ടെ...
ഈ ചിന്ത ഭാര്യയ്ക്ക് മാത്രമല്ല എന്നെയും അലട്ടുന്നുണ്ടായിരുന്നു... 
അപ്പൊഴും നാട്ടിലെ ചില കൂട്ടുകാര്‍ പറയുന്നുണ്ടായിരുന്നു,, എടാ നീ എന്താ ഗള്‍ഫില്‍ പോകാന്‍ ഒരു ശ്രമം നടത്താത്തത്അപ്പൊഴൊക്കെ ഞാന്‍ അവരൊട് പറഞ്ഞു ഇല്ല ഞാന്‍ ഗള്‍ഫിലേയ്ക്ക് ഇല്ല’..എന്റെ ഭാര്യയെയും മകളേയും പിരിഞിരിക്കാന്‍ എനിക്കാവില്ല....ഞാന്‍ ഗള്‍ഫിലേയ്ക്കു പോകുന്നത്  അവള്‍ക്കും സമ്മതമാകില്ല ഇല്ല ഞാനില്ല അവിടെ നിന്നും നിറകണ്ണുകളുമായാണ് ഞാനന്ന് വീട്ടിലേയ്ക് പോയത്...
 

     വിഷാദം നിറഞ്ഞ എന്റെ മുഖം കണ്ടിട്ടാണൊ എന്നറിയില്ല അവള്‍ എന്നോട് ചോദിച്ചു എന്തു പറ്റി ഒരു വിഷമം പോലെ’ ‘’ ഇല്ല ഒന്നുമില്ല എന്നു പറഞ്ഞ് ഞാന്‍ അകത്തേയ്ക്ക് പൊയി..
അന്ന് കിടക്കന്‍ നേരം അവള്‍ എന്നൊട് ചൊദിച്ചു ഇക്കാ  ഞാനൊരു കാര്യം പറയട്ടെ’ അതിന് ഉത്തരമായി ഞാന്‍ ഒന്ന് മൂളുക മാത്രം ചെയ്തു

.അവള്‍ പറഞ്ഞു’ ,ഇന്നു ഞാന്‍ തെക്കെതിലെ രസിയയെ  കണ്ടിരുന്നു അവളുടെ ഭര്‍ത്താവ് ഇപ്പൊള്‍ ഗള്‍ഫിലാ...അവിടെ നല്ല ശമ്പളമാ..അവരുടെ കടങ്ങളെല്ലാം തീര്‍ന്നു...
അതെയൊ നല്ല കാര്യംഞാന്‍ ഇങ്ങനെ പറയുന്നതിന് മുന്‍പ്പെ അവള്‍ പറഞ്ഞുനമുക്ക് രസിയയുടെ  ഭര്‍ത്താവിന്റ്ടുത്ത് പറഞ്ഞ് ഇക്കാക്ക്   ഒരു വിസ ശരിയാക്കിയാലൊ? ഒന്ന് അക്കരെ എത്തിയാല്‍ നമ്മുടെ ബുദ്ധിമുട്ടൊക്കെ തീരുമല്ലൊ..നിങ്ങള്‍ എന്തു പറയുന്നു?.ഇതു കേട്ടതും എന്റെ നെഞ്ച് പൊട്ടി പോകുന്നതായ് എനിക്ക് തോന്നിനീ എന്താ ഈ പറയുന്നത് നിന്നെയും മോളേയും പിരിഞ്ഞിരിക്കാനൊ...ഇല്ല എന്നെക്കൊണ്ടാവില്ല.....നിനക്ക് എങനെ തോന്നി എന്നൊട് ഇത് പറയാന്‍

എന്റെ ഈ വാക്കുകള്‍ കേട്ടതും അവള്‍ പറഞ്ഞു നമ്മുടെ ഈ അവസ്ഥയ്ക്ക് ഒരു പരിഹാരം ഞാന്‍ വിജാരിച്ചിട്ട് ഇതേ ഉള്ളൂ എന്നെയു മോളെയും കുറിച്ചുള്ള വിഷമം കുറച്ച് നാളെ ഉണ്ടാകൂ..അവിടെ ചെന്ന് പുതിയ കൂട്ടുകാരൊക്കെ ആകുമ്പോള്‍ അറിയാതെ മാറിക്കൊള്ളും‘’
ഇല്ല എനിക്ക് അതിനാവില്ല നിനക്ക് കഴിയുമൊ എന്നെ പിരിഞ്ഞിരിക്കാന്‍ഞാന്‍ ചോദിച്ചു.
അപ്പൊള്‍ അവള്‍ എന്നൊട് പറഞ്ഞുനമ്മുടെ മകളെ കുറിച്ച് ഓര്‍ക്കുമ്പൊള്‍ ആ വിഷമം സഹിക്കാവുന്നതേയുള്ളൂ
ഇതെല്ലാം കേട്ട് ഞാന്‍ ആലോചിച്ചു പണ്ട് ഗള്‍ഫ് ചിന്ത മനസ്സില്‍ വരുമ്പൊള്‍ എന്റെ ഭാര്യയെ പിരിഞ്ഞ് ജീവിക്കാന്‍ എനിക്കും എന്നെ പിരിയാന്‍ അവള്‍ക്കും കഴിയില്ല എന്നാണല്ലൊ?
എന്നെ പിരിഞ്ഞ് ഒരു നിമിഷം പോലും ഇരിക്കാന്‍ ഇവള്‍ക്ക് കഴിയില്ലാ എന്ന് വിജാരിച്ച ഞാനൊരു വിഢിയാണ്..... അങ്ങനെ ഗള്‍ഫിലേയ്ക് പൊകാന്‍ ഞാന്‍ തീരുമാനിച്ചു...അവള്‍ക്ക് അത് വളരെ സന്തൊഷമായി...എന്താണന്നറിയില്ല വിസയും എല്ലാം പെട്ടന്ന് റെഡിയാകുകയും ചെയ്തു.....അങ്ങനെ യാത്രയ്ക്കുള്ള ദിവസമടുത്തു
എന്റെ മനസ് നീറുകയായിരുന്നു..അപ്പോഴും വീട്ടിലെത്തുന്നവരെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു അവള്‍...
  
 

    ആ സമയം ഞാന്‍ ചിന്തിക്കുകയായിരുന്നു  ഞാന്‍ ഇവളെ  വിട്ടു പോകുകയാണ് എന്നിട്ടും ഇവള്‍ക്ക്  യാതൊരു വിഷമവും ഇല്ലല്ലൊ ദൈവമെ.....പെണ്ണിന്റെ മനസ്സ് ഇത്രയ്ക് ക്രൂരമാണൊ?
ഇങ്ങനെ ചിന്തിച്ചിരിക്കുപ്പൊഴാണ് എയര്‍ പോര്‍ട്ടിലേയ്ക്ക് പോകുവാനുള്ള വണ്ടി വന്നു എന്ന് ആരോ പറഞ്ഞത്..


   പെട്ടന്ന് വന്ന കരച്ചിലിനെ അടക്കികൊണ്ട് മുറിയിലേയ്ക് കയറി കട്ടിലില്‍ ഉറങ്ങികിടന്ന മകളെയെടുത്ത് ഒരു മുത്തവും നല്‍കി പുറത്തേയ്ക്ക് ഇറങ്ങുവാന്‍ തുടങ്ങിയപ്പൊഴാണ് പെട്ടന്ന് എന്നെ ആരൊ പുറകില്‍ നിന്നു ശക്ത്തിയായ് കയറി പിടിച്ചത് ഞാന്‍ തിരിഞ്ഞ് നോക്കിയപ്പൊള്‍ കണ്ട കാഴ്ച,....പൊട്ടികരഞ്ഞുകൊണ്ട് എന്റെ ഭാര്യ് പറയുകയാണ്..വേണ്ടാ നിങ്ങള്‍ പോകണ്ടാ .. എനിക്ക് സഹിക്കാന്‍ കഴിയില്ല എന്നെ തനിച്ചാക്കിയിട്ട് പോകരുത്..അവള്‍ ഹൃദയം പൊട്ടി കരയുകയായിരുന്നു..ആ സമയം  ഞാന്‍ അടക്കിവെച്ചിരുന്ന ദുഖം കരച്ചിലായ് വരികയായിരുന്നു ..ഞാന്‍ അവളെ കെട്ടിപിടിച്ച് നെറുകയില്‍ ഒരു ചുംബനവും നല്‍കിയിട്ട് പറഞ്ഞു..എന്തായാലും നമ്മള്‍ തീരുമാനിച്ചതല്ലെ ഇനി പോയാലല്ലേ  പറ്റുകയുള്ളൂ...നീ കരയുരുത് നീയാണ് എനിക്ക് ധൈര്യം തരേണ്ടത് ഒന്നുമല്ലങ്കിലും നമ്മുടെ നല്ലതിന് വേണ്ടിയല്ലെഅപ്പൊള്‍ അവള്‍ പറയുകയാണ്..ഇല്ല എനിക്ക് കഴിയില്ല  നിങ്ങള്‍ പോകണ്ടാ....എന്നും പറഞ്ഞ് അവള്‍ കൈയിലെ പിടി മുറുക്കുകയാണ് ..അവസാനം പയ്യെ അവളുടെ കൈയ്യുംതട്ടിമാറ്റി പൊട്ടിയ ഹൃദയവുമായ്,ഒന്നു തിരിഞ്ഞ് അവളെ നോക്കാനുള്ള ശക്ത്തിയില്ലാതെ ഞാന്‍ പുറത്തെയ്ക്ക് വന്ന് വാഹനത്തില്‍ കയറി,,,വണ്ടി നീങ്ങി തുടങ്ങിയതും അവള്‍ കരഞ്ഞു കൊണ്ട് വീട്ടിനകത്തെയ്ക് ഓടുന്നത് ഞാന്‍ കണ്ടു,അപ്പൊള്‍ ഞാനും പൊട്ടികരഞ്ഞുപോയി.........
അന്ന് എനിക്ക് അത് ആദ്യത്തെ അനുഭവമായിരുന്നു എന്നാല്‍ ഇന്ന് ...,വര്‍ഷങ്ങള്‍ നീണ്ട പ്രവാസ ജീവിതം ഇത് പോലത്തെ ഒരുപാട് യാത്രകള്‍ ,ഓരൊ പ്രാവശ്യവും യാത്ര പറയുമ്പൊള്‍ വിജാരിക്കും ഇത് അവസാനത്തെത് ഇനി ഇല്ല... പക്ഷെ കഴിയുന്നില്ല  കഴിഞ്ഞിട്ടില്ല ഇന്നുവരെയും....


 

  
   
Related Posts Plugin for WordPress, Blogger...

ഈ പോസ്റ്റ്‌ ഷയര്‍ ചെയ്യാന്‍