Tuesday, February 7, 2012

തുറന്ന മെയിലുകള്‍ തുറക്കാത്ത സത്യങ്ങള്‍..

തുറന്ന മെയിലുകള്‍, തുറക്കാത്ത സത്യങ്ങള്‍

നാട്ടിന്‍പുറങ്ങളിലെ കോഫി ഷോപ്പ് മുതല്‍ ഇന്റര്‍നെറ്റിലെ ചായക്കടയായ ഫേസ്ബുക്കിലും വരെ ഇപ്പോള്‍ ചര്‍ച്ചചെയ്യുന്ന ഒരു വിഷയമാണ് അന്യന്റെ സ്വകാര്യത ചോര്‍ത്തിയെടുക്കുന്ന സര്‍ക്കാര്‍ നിയന്ത്രിത സദാചാര പോലിസ് 268 പേരുടെ ഇ-മെയിലുകള്‍ ചോര്‍ത്തുന്ന വാര്‍ത്ത. ഇ-മെയില്‍ എന്ന വാക്ക് ആദ്യമായി കേള്‍ക്കുന്നവര്‍ പോലും ഇപ്പോള്‍ ചര്‍ച്ചചെയ്യുന്നത്, ഇ-മെയില്‍ ചോര്‍ത്തലിനെക്കുറിച്ചാണ്. എന്തിനും ഏതിനും ചേരിചേര്‍ന്നു തര്‍ക്കിക്കുന്ന മലയാളികളുടെ തനത് സ്വഭാവത്തെ പ്രകടമാക്കിക്കൊണ്ട് ഈ വിഷയത്തിലും ചേരിതിരിഞ്ഞു തര്‍ക്കിക്കാന്‍ കേരളം മറന്നില്ല എന്നതു സത്യമാണ്. ഞങ്ങള്‍ക്കു സ്വകാര്യത എന്നൊന്നില്ലാത്തതുകൊണ്ട് ഭരണകൂടം എന്തു ചോര്‍ത്തിയാലും കുഴപ്പമില്ലെന്നു ചിലര്‍. വേറെ ചിലര്‍, ചോര്‍ത്താന്‍ തീരുമാനിച്ചവരുടെ ഇല്ലാത്ത ഭീകരബന്ധത്തെ ഉണ്ടാക്കിയെടുക്കാനുള്ള പരിശ്രമത്തിലുമായിരുന്നു. അപ്പോഴും പ്രതിഷേധത്തിന്റെ അവസാനത്തെ തിരിനാളവും അണഞ്ഞിട്ടില്ല എന്നു വ്യക്തമാക്കി ചിലരെങ്കിലും അതിനെതിരേ സമരരംഗത്തുണ്ടായിരുന്നു.

എന്നാല്‍, ഏറെ ശ്രദ്ധേയമായ ഒരു സംഗതി, പതിവുപോലെ ഈ വാര്‍ത്തയിലെ പൌരാവകാശത്തെക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ പല മുഖ്യധാരാ പത്രങ്ങളും രാഷ്ട്രീയ പ്പാര്‍ട്ടികളും തയ്യാറായില്ല എന്നതാണ്. പൌരാവകാശ ധ്വംസനങ്ങള്‍ക്കെതിരേ വിപ്ളവം നയിക്കുന്നുവെന്ന് അവകാശപ്പെടുന്ന പല ബുദ്ധിജീവികളും ഈ വിഷയത്തില്‍ മൌനംപാലിക്കുകയാണു ചെയ്തത്. ഭരണകൂടം ഒരു വിഭാഗത്തിന്റെ ഇ-മെയില്‍ പരിശോധിക്കാന്‍ ഉത്തരവിട്ട രേഖകള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുത്ത പോലിസ് ഉദ്യോഗസ്ഥനെതിരേ ഇപ്പോള്‍ നടപടിയെടുത്തിരിക്കുകയാണല്ലോ. അതു സ്വാഭാവിക നടപടിക്രമം തന്നെ. അതേസമയം, അദ്ദേഹത്തിന്റെ മതത്തെ ഇതുമായി ബന്ധപ്പെടുത്താനുള്ള സംഘപരിവാര അജണ്ടയെ അതേപടി സ്വീകരിച്ചുകൊണ്ട് ആ പോലിസുകാരനെ ഒരു രാജ്യദ്രോഹി എന്ന നിലയില്‍ ചിത്രീകരിച്ച് ഇ-മെയില്‍ ചോര്‍ത്തല്‍ വാര്‍ത്തയെ മറ്റൊരു തലത്തിലേക്കു വഴിതിരിച്ചുവിടാനുള്ള ശ്രമമുണ്ടായി. മെയില്‍ ചോര്‍ത്താന്‍ തീരുമാനിച്ചു എന്ന കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്കു മാത്രമല്ല, ചോര്‍ത്തപ്പെട്ടവര്‍ക്കുപോലും സംശയമില്ലാതെയായിരിക്കുന്ന ഈ സാഹചര്യത്തില്‍, റിപോര്‍ട്ട് ചോര്‍ത്തിക്കൊടുത്ത ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കുന്നതിനോടൊപ്പം ആ 268 പേരുടെ സ്വകാര്യങ്ങള്‍ ചോര്‍ത്താന്‍ ഉത്തരവിട്ട ഉദ്യോഗസ്ഥനെതിരേ അന്വേഷണം നടത്തുകയും അയാള്‍ക്കെതിരേ നടപടി സ്വീകരിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. എന്നാല്‍, ഈ വിഷയത്തെ വെറുമൊരു ചോര്‍ത്തല്‍ നടപടി മാത്രമാക്കി ചുരുക്കിക്കാണിച്ചു പോലിസുകാരനെ ബലിയാടാക്കി രക്ഷപ്പെടാനാണു സര്‍ക്കാര്‍ ശ്രമം.

ഒരു കഥ ഓര്‍മവരുന്നു. അലക്സാണ്ടര്‍ ചക്രവര്‍ത്തി, ഒരിക്കല്‍ താന്‍ പിടികൂടിയ ഒരു കടല്‍ക്കൊള്ളക്കാരനോട് ചോദിച്ചു: "നിനക്കെങ്ങനെ കടലില്‍ ആക്രമണം ചെയ്യാന്‍ ധൈര്യം വന്നു.'' "ഞാനൊരു ചെറിയ കപ്പലുമായി സഞ്ചരിക്കുന്നതുകൊണ്ട് കവര്‍ച്ചക്കാരനായി. ഒരു കപ്പല്‍വ്യൂഹവുമായി അക്രമം ചെയ്യുന്ന താങ്കളോ; ചക്രവര്‍ത്തിയും''- കൊള്ളക്കാരന്റെ മറുപടി ഇങ്ങനെയായിരുന്നു. ഇവിടെ ഉമ്മന്‍ചാണ്ടിയും ഇന്റലിജന്‍സും ചക്രവര്‍ത്തിമാരാണ്. ആ 268 പേരോ, കൊടുംഭീകരരുമായി മാറുന്നു. മുഖ്യമന്ത്രിയുടെ തോളിലിരുന്നു ചെവി കടിച്ചു കൊണ്ടിരിക്കുന്നവരെ ശ്രദ്ധിച്ചില്ലെങ്കില്‍, ഫാഷിസ്റ്റ് ഭരണത്തിന്റെ വക്താവായ ഭരണാധികാരി എന്ന ഓമനപ്പേര് ഉമ്മന്‍ചാണ്ടിക്ക് വരുന്ന തലമുറ ചാര്‍ത്തിത്തന്നാല്‍ കുറ്റപ്പെടുത്താന്‍ കഴിയാതെ വരും.

ചോര്‍ത്താന്‍ തീരുമാനിച്ചതിന്റെ കാരണമായി പറഞ്ഞത് സിമി ബന്ധമാണ്. ഈ 268 പേരും സിമി പ്രവര്‍ത്തകരാണ് എന്നുള്ളതിന് തങ്ങള്‍ക്ക് എവിടെനിന്നാണു വിവരങ്ങള്‍ ലഭിച്ചത് എന്നു പോലിസ് വ്യക്തമാക്കുന്നുമില്ല. കസ്റ്റഡിയിലുള്ള ഒരാളെ ചോദ്യംചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങളെന്നാണു പോലിസ് പറയുന്നത്. അങ്ങനെയെങ്കില്‍ ഇത്രയും ബന്ധങ്ങളുള്ള ആ വ്യക്തിയെ തുറന്നുകാട്ടാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവാത്തത്, അങ്ങനെയൊരാളില്ല എന്ന കാരണംകൊണ്ടു തന്നെയാണ്. അതേസമയം, സിമി എന്നത് ഒരു വിഭാഗത്തിനെതിരെ വേണ്ടസമയത്ത് ഉപയോഗിക്കാന്‍വേണ്ടി മാധ്യമങ്ങളും ഭരണകൂടങ്ങളും കൊണ്ടുനടക്കുന്ന ആയുധമായി മാറിയിരിക്കുകയാണ്. കൊന്നു കുരിശിലേറ്റിയ സിമിയുടെ ആത്മാവിനെ ഭരണകൂടം ആകാശത്തേക്ക് അയച്ചിട്ടില്ല. കാരണം, സിമി എന്ന രണ്ടക്ഷരം ഇവിടെ നിലനിന്നാലേ മുസ്ലിംസമൂഹത്തെ തളച്ചിടാനാവൂവെന്ന് ചിലര്‍ മനസ്സിലാക്കുന്നു. മിണ്ടിയാല്‍ സിമി, നോക്കിയാല്‍ സിമി, കൈപൊക്കിയാല്‍ സിമി. എന്താണു സിമി? ഭരണകൂടം പറഞ്ഞു ഭീതിപരത്തിയ സിമി ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന ഭരണകൂടം നിരോധിക്കുന്നതു വരെ രാജ്യത്ത് ഒരു ഭീകരപ്രവര്‍ത്തനം പോലും നടത്തിയതിനു തെളിവില്ല; ഒരു കേസ് പോലും ചാര്‍ജ് ചെയ്യപ്പെട്ടിട്ടുമില്ല എന്ന വസ്തുത ഗീതാ മിത്തല്‍ കമ്മീഷന്‍ റിപോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ഇപ്പോള്‍ നിലവിലുള്ള എല്ലാ കേസുകളും അതിന്റെ നിരോധനത്തിനുശേഷം ഒപ്പിച്ചെടുത്തതാണ്. ചിന്തിക്കുന്ന സമൂഹത്തിനു മുന്നില്‍ ഇത്തരം കെട്ടിച്ചമച്ച കഥകള്‍ എന്നും വിലപ്പോവില്ല. സ്വകാര്യവിവരങ്ങള്‍ നഷ്ടപ്പെട്ട ഈ 268 പേരില്‍ നിലവില്‍ യാതൊരുവിധ കേസും നിലനില്‍ക്കുന്നില്ല. ഇവര്‍ ഭീകരരായതിനാലല്ല അന്വേഷണവിധേയരായത്. മറിച്ച്, ഇവരെ ചിലരുടെ മുന്നില്‍ അടയാളമായി വയ്ക്കുകയാണു യഥാര്‍ഥത്തില്‍ പോലിസ് ചെയ്തുകൊണ്ടിരിക്കുന്നത്. 

പല സമരങ്ങളുടെയും ഉദ്ഭവസ്ഥാനങ്ങളുടെ അവകാശം സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ഏറ്റെടുക്കുന്ന ഈ സാഹചര്യത്തില്‍ ഭരണകൂടത്തിന്റെ ആക്രമണങ്ങള്‍ക്കെതിരേയും നീതിനിഷേധത്തിനെതിരേയും നെറ്റ്വര്‍ക്കുകളില്‍ കൂടി പ്രതികരിക്കാന്‍ തയ്യാറാവുന്നവരെ ഭയപ്പെടുത്തുക എന്ന ഉദ്ദേശ്യം കൂടി ഇതിനു പിന്നിലുണ്ട്. 

തങ്ങള്‍ക്കു സ്വകാര്യമില്ല, അതുകൊണ്ട് ഞങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതില്‍ കുഴപ്പമില്ല എന്നു പറഞ്ഞ് ഇതിനെ ന്യായീകരിക്കുന്നവര്‍ യഥാര്‍ഥത്തില്‍ അധികാരമോഹികളോ മടയന്‍മാരോ മാത്രമല്ല, രാജ്യത്തു നടന്ന സംഭവവികാസങ്ങളെപ്പറ്റി അറിയാത്തവരോ അല്ലെങ്കില്‍ അജ്ഞത നടിക്കുന്നവരോ കൂടിയാണ്. മുംബൈ ആക്രമണത്തിനു മുമ്പ് ഇ-മെയില്‍ വന്നത് കെന്നത്ത് ഹെവുഡ് എന്നയാളില്‍നിന്നായിരുന്നു. അതു കണ്ടുപിടിച്ച അതേ രാത്രിതന്നെ അയാള്‍ ചില ഉദ്യോഗസ്ഥന്മാരുടെ തണല്‍പറ്റി വിമാനം കയറിയിരുന്നു. മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് ഒരു അമേരിക്കന്‍ പൌരനെ സംശയിക്കുന്നുവെന്നും അദ്ദേഹത്തെ ഉടന്‍ അറസ്റ് ചെയ്യുമെന്നും അന്നു ഹേമന്ത് കര്‍ക്കരെ വാര്‍ത്താസമ്മേളനം നടത്തിക്കൊണ്ടിരിക്കുന്ന അതേസമയം, അദ്ദേഹം ഇപ്പോള്‍ വിമാനം കയറിയിട്ടുണ്ട് എന്ന് കര്‍ക്കരെയുടെ കീഴുദ്യോഗസ്ഥനായ രണ്‍ബീര്‍ സിങ് മാധ്യമപ്രവര്‍ത്തകര്‍ക്ക് എസ്.എം.എസ് അയക്കുകയാണു ചെയ്തത്. 

എന്നാല്‍, ആ ഹേവുഡിന് പിന്നാലെ പോവാത്ത പോലിസ്, മന്‍സൂര്‍ പീര്‍ബോയ് എന്ന ഒരു ചെറുപ്പക്കാരനെ അറസ്റ് ചെയ്യുകയായിരുന്നു. അവസാനം മന്‍സൂറിനെതിരേ തെളിവുകള്‍ ഹാജരാക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ കോടതി അദ്ദേഹത്തെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി വെറുതെവിട്ടു. ഇതുമാത്രമല്ല, രാജ്യത്തു പല സ്ഫോടനങ്ങളും നടന്നപ്പോള്‍ ഉടനെ അതിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തുകൊണ്ട് പോലിസ്കേന്ദ്രങ്ങളിലേക്കു കടന്നുവരുന്ന മെയിലുകള്‍ അനവധിയാണ്. നാളെ അമേരിക്കയില്‍ മറ്റൊരു വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് നമ്മുടെ കൊച്ചുകേരളത്തില്‍നിന്നും ഒരു മെയില്‍ പോയി എന്നു കേട്ടാല്‍ അദ്ഭുതപ്പെടാനില്ല. കാരണം, നമ്മുടെ ലോഗിന്‍ വിവരങ്ങള്‍ ചിലരുടെ കൈകളിലെ പാവയാണ്. ഇപ്പോള്‍ അതിനു കീ കൊടുത്തുകൊണ്ടിരിക്കുന്നത് അവര്‍തന്നെയാണ്.

ഇനി ചോര്‍ത്തലിനു പിന്നിലുള്ള രാഷ്ട്രീയത്തിലേക്കും അതില്‍നിന്നു ലഭിച്ച രാഷ്ട്രീയവിദ്യാഭ്യാസത്തിലേക്കും വരുകയാണെങ്കില്‍, ചിലരുടെ സമ്മര്‍ദ്ദതന്ത്രങ്ങളുടെ ശക്തിയെക്കുറിച്ചു മനസ്സിലാക്കാന്‍ ഇതുപകരിച്ചു എന്നുള്ളതാണ്. ചോര്‍ത്തല്‍ നടപടിയെ ചോദ്യംചെയ്താല്‍, തങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്ന മതേതര മുഖംമൂടി ആരെങ്കിലും ചോദ്യംചെയ്യപ്പെടുമോ എന്ന ഭയം അടുത്തുകൂടിയതുകൊണ്ടാണ് ലീഗ് ഈ അനീതിക്ക് കൂട്ടുനില്‍ക്കുന്നത് എന്നു തോന്നിപ്പോവും. എന്നാല്‍, മുസ്ലിംകള്‍ക്കു നേരെയുള്ള കടന്നുകയറ്റം എന്ന നിലയിലല്ലാതെ ഒരു പൌരാവകാശപ്രശ്നമായെങ്കിലും ഈ വിഷയത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ലീഗ് ഭയപ്പെടുന്നു എന്നതുതന്നെ, ലീഗിന്റെ സമ്മര്‍ദ്ദശക്തിയെ അളക്കാനുള്ള അളവുകോലായാണു കോണ്‍ഗ്രസ് മനസ്സിലാക്കാന്‍ പോവുന്നത്. ഈ അളവുകോല്‍ ലീഗ് എന്ന രാഷ്ട്രീയത്തിന്റെ പ്രസക്തി വരെ ചോദ്യംചെയ്യപ്പെടുന്നത് തന്നെയാണ്. കോണ്‍ഗ്രസ് ചോര്‍ത്തല്‍നടപടിയെ ന്യായീകരിക്കാന്‍ വേണ്ടി ലീഗിനെയും ആര്യാടനെയും പരിചയായി ഉപയോഗിക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. 

ലീഗിന്റെയും ആര്യാടന്റെയും ശബ്ദങ്ങളാണു മുസ്ലിം സമുദായം മുഖവിലയ്ക്കെടുക്കുക എന്ന ഉമ്മന്‍ചാണ്ടിയുടെ ധാരണ തിരുത്തപ്പെടേണ്ടതുണ്ട്. 
വെള്ളിയാഴ്ച മുസ്ലിം പള്ളികളില്‍ നടക്കുന്ന ജുമുഅ ഖുതുബ പോലും നിരീക്ഷിക്കണമെന്ന് ഇന്റലിജന്‍സ് നിഷ്കര്‍ഷിക്കുന്നു. പള്ളികളില്‍ക്കൂടി ഭരണകൂടത്തിനെതിരേ പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്യുന്നുണ്േടാ എന്നറിയാന്‍ വേണ്ടിയാണത്രേ ഈ അന്വേഷണം. ഇനി ചില ഏകാധിപത്യനാടുകളില്‍ കാണുന്നതുപോലെ, ജുമുഅ ഖുതുബ പോലിസ് സ്റ്റേഷന്‍ വഴി വിതരണം ചെയ്യുമോ?

നീതി നല്‍കേണ്ട ഭരണകൂടങ്ങള്‍ അനീതിയാണു നല്‍കുന്നതെങ്കില്‍ പ്രതിഷേധിക്കുക എന്നതു സ്വാഭാവികമാണ്. അതിനെക്കുറിച്ച് അന്വേഷിക്കാന്‍ മതത്തിന്റെ ആരാധനാസ്വാതന്ത്യ്രത്തെ പോലും അന്വേഷണവിധേയമാക്കുന്നതിനെ ന്യായീകരിക്കാന്‍ കഴിയില്ല. മദ്റസകളും പള്ളികളും തീവ്രവാദകേന്ദ്രമാണ് എന്ന സംഘപരിവാര ജല്‍പ്പനങ്ങള്‍ക്ക് വളംവച്ചുകൊടുക്കുകയാണു ഭരണകൂടം.

(10/02/2012 തേജസ്‌ ദിനപത്രത്തില്‍ എഴുതിയത് )

9 comments:

 1. മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം ഭരണത്തില്‍ ഏറ്റവും ശക്തമായ ഇടപെടല്‍ നടത്താന്‍ സാധിക്കുമായിരുന്ന ഈ സമയത്തുപോലും പാര്‍ട്ടി സെക്രട്ടറി സ്വന്തം ചെയ്തികളുടെ ഫലമായി ആ പാര്‍ട്ടിയെ തന്നെ പണയം വെച്ച് കേസ് കെട്ടുകളുടെ ഉമ്മാക്കിക്കുമുന്നില്‍ പഞ്ചപുച്ചമടക്കി 'കമാ'എന്നുരിയാടാന്‍ സാധിക്കാതെ നില്‍ക്കുന്ന ഈ കാഴ്ചയെ ലജ്ജാവഹം എന്നല്ലാതെ എന്ത് വിശേഷിപ്പിക്കാന്‍ ....?ഞങ്ങള്‍ തീവ്രവാദികളല്ല ...ശുദ്ധ മതേതര വാദികളാണ് എന്ന് വിളിച്ചുകൂവി ഊര് ചുറ്റെണ്ടുന്ന ഗതികേട് മറ്റാര്‍ക്കാണ് കേരളത്തില്‍ വന്നിട്ടുള്ളത്...?

  ReplyDelete
 2. ഒരു പൌരന്റെ അവകാശത്തിനു നേരെയുള്ള ഈ കടന്നു കയറ്റത്തെ മുഴുവന്‍ എന്ത് കാരണം പറഞ്ഞാലും ന്യായികരണം ഇല്ല .... ഇതിനെതിരെ പ്രതികരിച്ചില്ലെങ്കില്‍ അതിനു കനത്ത വില സമൂഹം നല്‍കേണ്ടി വരും തീര്‍ച്ച ... അഷ്കര്‍ നല്ല പോസ്റ്റ്‌

  ReplyDelete
 3. IUML is a party of Chicken Biriyani eaters. They dont have any intersts on its community's problems. The Thangal is a rubber stamp for Kunjappa and sheild of his agendas

  ReplyDelete
 4. ഒരു ജനാധിപത്യ രാജ്യത്തിൽ നടക്കേണ്ട കാര്യങ്ങളല്ല ഇവിടെ നടന്നതല്ലാം. വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള ഒളിഞു നോട്ടം ജനാധിപത്യപരമായി തിരഞ്ഞെടുത്ത ഒരു സർക്കാറിന് ഭൂഷണമല്ല, രാജ്യരക്ഷക്കാണ് അവ ചെയ്തതെങ്കിൽ ഭരണാധികാരികൾ അത് തൂരന്ന് പറയണമായിരുന്നു.. ലേഖനം കുഴപ്പമില്ലാതെ എഴുതിയിട്ടുണ്ട്.. ആശംസകൾ !

  ReplyDelete
 5. മുഹിയുദീന്റെ വാക്കുകള്‍ കടമെടുക്കുന്നു...
  ഒരു ജനാധിപത്യ രാജ്യത്തിൽ നടക്കേണ്ട കാര്യങ്ങളല്ല ഇവിടെ നടന്നതല്ലാം. വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള ഒളിഞു നോട്ടം ജനാധിപത്യപരമായി തിരഞ്ഞെടുത്ത ഒരു സർക്കാറിന് ഭൂഷണമല്ല,

  ഭരണാധികാരികള്‍ക്ക്‌ അധികാരം നില നിര്‍ത്തുന്നതില്‍ മാത്രമാണ് ശ്രദ്ധ....

  ആശംസകള്‍....

  ReplyDelete
 6. നന്ദി നിങ്ങളുടെ വായനയ്ക്ക്

  ReplyDelete
 7. അസ്കര്‍ സാഹിബ്‌ വളരെ നന്നായിട്ടുണ്ട്
  ഒരു മത വിഭാകത്തിനോടുള്ള ഭരണ കൂടാ അക്രമങ്ങലെല്ലാതെ ഇതിനെന്തു പറയും .

  ReplyDelete
 8. ഒരു ലോജിക്കുമില്ലാത്ത പ്രവര്‍ത്തനങ്ങളാല്‍ ചിലര്‍ തന്റെ സ്വയം വളര്‍ച്ചക്ക് എന്തെങ്കിലും ചൈത് അടിച്ചമര്‍ത്താന്‍ കഴിയുന്നവരെ തല്ലിചതക്കുന്ന ഈ പ്രവണത് ഇന്ത്യയില്‍ ഇതു വരെ കണ്ട രാഷ്ട്രീകളികളില്‍ നിന്നും വളരെ വ്ര്ത്തികെട്ട ചെളി വാരിയ പരിപാടിയാണ്..............

  ReplyDelete

Related Posts Plugin for WordPress, Blogger...

ഈ പോസ്റ്റ്‌ ഷയര്‍ ചെയ്യാന്‍